SEARCH


Kurathi Theyyam - കുറത്തി തെയ്യം

Kurathi Theyyam - കുറത്തി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kurathi Theyyam - കുറത്തി തെയ്യം

പാർവ്വതി ദേവി സങ്കല്പത്തിലുള്ള കുറത്തി തെയ്യം കൃഷിയുടെ അധിദേവതയായി നിലകൊള്ളുന്നു. കാട്ടാള വേഷം പൂണ്ട ശ്രീ പാർവ്വതി ദേവി കാനന ഭംഗി ഒക്കെ കണ്ടു ഉല്ലസിച്ചു നടന്ന് പിന്നീട് കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന മനുഷ്യരെ കണ്ടു മനം കുളിർന്നുവെന്നും പിന്നീട് കുറത്തി വേഷം ധരിച്ചു നെല്ല് വിളയുന്ന ഭൂമികളിലും നെല്ല് ശേഖരം ചെയ്യുന്ന ഭവനങ്ങളിലും നിത്യ സന്ദർശകയായി എന്നുമാണ് വിശ്വാസം. കാർഷിക ദേവതയെന്നു ഓർമ്മപ്പെടുത്തുലുമായി ഈ തെയ്യം വയലിൽ നിലമൊരുക്കുന്നതും വിത്തിടുന്നതും മൂരുന്നതും എല്ലാം തെയ്യാട്ടത്തിൽ കാണാം. തുളു നാട്ടിൽ നിന്നും മല നാട്ടിലേക്ക് എഴുന്നള്ളിയ ദേവിയും കൂടിയാണ് കുറത്തി. പല നാട്ടിലും എഴുന്നള്ളി ദേശാധിപന്മാരേ കണ്ടു വണങ്ങി സ്ഥാനമുറപ്പിക്കന്നതിനിടെ കണ്ണമംഗലം കഴകത്തിലും തൻ്റെ സാന്നിധ്യം അറിയിക്കുകയുണ്ടായി. ഓരോ കാവിലും സ്ഥാനങ്ങളിലും കെട്ടിയാടുന്ന തെയ്യങ്ങളില്‍ പ്രഥമ സ്ഥാനം കുറത്തിയമ്മയ്ക്കാണ്. സാധാരണ ഓരോ കാവിലും ആദ്യം പുറപ്പെടുന്ന തെയ്യം കുറത്തിയായിരിക്കും. പെണ്‍പൈതങ്ങളുടെ ഇഷ്ട ദേവതയും മാതാവുമാണ് കുറത്തി. ഭയഭക്തിബഹുമാനത്തോടെ സ്വന്തം അമ്മയോടുള്ള ഹൃദയസ്പര്‍ശത്തോടെ സ്ത്രീ ജനങ്ങള്‍ കുറത്തിക്ക്‌ വെച്ചുവിളമ്പുന്ന ചടങ്ങ് തെയ്യാട്ടത്തിലെ ഹൃദയഹാരിയായ മുഹൂര്‍ത്തമാണ്. മുറത്തിൽ നെൽവിത്തും കയ്യിൽ കത്തിയുമായി ഈ തെയ്യത്തിൻ്റെ പുറപ്പാട്. പണ്ട് കാലങ്ങളിൽ പല തറവാടുകളിലേയും വടക്കിനിയിൽ "കുറത്തിക്ക് വെക്കുക" എന്ന ചടങ്ങു നടക്കാറുണ്ട്.

പയ്യന്നൂരിലും പരിസരങ്ങളിലുമുള്ള ചില തറവാടുകളിൽ തുലാമാസം ആരംഭിക്കുന്നതോടെ ഈ തെയ്യം കെട്ടിയാടുന്നു. ഉർവര ദേവതകൂടിയായ കുറത്തി. മുറവും ചൂലും കത്തിയും കൈകളിലേന്തി നർത്തനം ചെയ്യുന്നതോടപ്പം ചില സ്ഥലങ്ങളിൽ വീടുകൾ തോറും ചക്കരച്ചോറ് ഉണ്ണാനെത്തുന്നു.

വേലൻ. കോപ്പാളന്‍, മലയൻ, മാവിലൻ, പുലയൻ, ചെറവൻ തുടങ്ങിയ സമുദായക്കാരാണ് കുറത്തി തെയ്യം കെട്ടുന്നത്.

പതിനെട്ടുതരം കുറത്തികൾ ഉണ്ടെങ്കിലും കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി, സേവ കുറത്തി (സേവക്കാരി), തെക്കൻ കുറത്തി, മാരണ കുറത്തി, കുഞ്ഞാർ കുറത്തി, കുഞ്ഞാല കുറത്തി, വടക്കിനിയകത്ത്‌ കുറത്തി എന്നിങ്ങനെ കുറച്ചു തെയ്യങ്ങൾക്ക് മാത്രമേ കെട്ടിക്കോലുമുള്ളു. ചില കുറത്തികൾക്ക് വ്യത്യസ്തമായ കെട്ടിക്കോലമാണ്‌.

പുള്ളി കുറത്തി : പയ്യന്നൂർ കൊറ്റി പുളുക്കൂൾ തറവാടിൽ കെട്ടിയാടുന്നു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848